പി പി ചെറിയാന്‍
ടെക്‌സസ്: അമേരിക്കയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ 'ആല്‍ഡി' തങ്ങളുടെ ജനപ്രിയ ഉല്‍പ്പന്നമായ 'ഫൂഷ്യ ഏഷ്യന്‍ ഇന്‍സ്പിരേഷന്‍സ് കിംച്ചി & ടോഫു കിംബാപ്' (Fusia Asian Inspirations Kimchi & Tofu Kimbap) വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നു. പാക്കറ്റില്‍ രേഖപ്പെടുത്താതെ മത്സ്യം (ട്യൂണ) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഈ നടപടി സ്വീകരിച്ചത്.
ട്യൂണ മത്സ്യം അടങ്ങിയിട്ടുണ്ടെന്ന് പാക്കറ്റിന് പുറത്ത് രേഖപ്പെടുത്താതിരുന്നത് ഗുരുതരമായ അലര്‍ജിക്ക് കാരണമായേക്കാം.
ന്യൂയോര്‍ക്ക്, ടെക്‌സസ്, ഒഹായോ, പെന്‍സില്‍വേനിയ ഉള്‍പ്പെടെ യു.എസിലെ 20 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ആല്‍ഡി സ്റ്റോറുകളില്‍ ഈ ഉല്‍പ്പന്നം വിതരണം ചെയ്തിട്ടുണ്ട്.
ഒക്ടോബര്‍ 8, 2027 എക്‌സ്‌പെയറി ഡേറ്റ് ഉള്ള 8.1 ഔണ്‍സ് പാക്കറ്റുകളാണ് തിരിച്ചുവിളിക്കുന്നത്.
പാക്കിങ് സമയത്തുണ്ടായ സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്നും ഇതുവരെ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കമ്പനി അറിയിച്ചു. ഈ ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കള്‍ ഇത് കളയാനോ അല്ലെങ്കില്‍ സ്റ്റോറുകളില്‍ തിരികെ നല്‍കി പണം കൈപ്പറ്റാനോ ആല്‍ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്.